ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്. സര്‍പ്പനദി എന്നാണ് നാഗര്‍ഹോളെ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. സര്‍പ്പത്തിന്റെ ഇഴച്ചില്‍പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത ആവാസ കേന്ദ്രമായ നാഗര്‍ഹോളെയ്ക്ക് ഈ പേര് നല്‍കിയത്.
രാജീവ്ഗാന്ധി ദേശീയ ഉദ്യാനമാണ് നാഗര്‍ഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വൈവിധ്യമാര്‍ന്ന ജന്തു സമ്പത്താണ് നാഗര്‍ഹോളയുടെ പ്രധാന പ്രത്യേകത. മൈസൂര്‍ രാജാക്കന്മാര്‍ കാട്ടാനകളെയും കാട്ടുപോത്തുകളെയും നായാടാനായി നാഗര്‍ഹോളെയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ആന, കടുവ, പുലി, സാമ്പാര്‍, പുള്ളിമാന്‍, കാട്ടുനായ, കാട്ടുപോത്ത്, കഴുതപ്പുലി തുടങ്ങി നാനാജാതി മൃഗങ്ങളെ ഇപ്പോഴും ഇവിടെയുള്ള രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തില്‍ കാണാന്‍ സാധിക്കും.