വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍(cantilever bridge) മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാവാത്ത സ്പോട്ടായി മാറിയിരിക്കുകയാണ്.സമൃദ്ധമായ പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരിയാക്കുന്നത്.
വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡി ടി പി സി യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്ന് വാഗമൺ കോലാഹലമേട്ടിൽ ഗ്ലാസ്സ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പിന്നൽ തിരുവാതിര കാണണോ? എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
സാഹസികത ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.ഒരു സമയം 15 പേർക്ക് പ്രവേശനം:സാഹസികത തേടുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന പാലത്തിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും.
റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് ഡി ടി പി സി യുടെ അഡ്വഞ്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്.
തൊടുപുഴയിൽ നിന്നും 48 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 40 കിലോ മീറ്ററും പാലായിൽ നിന്നും 42 കിലോമീറ്ററും കുമിളിയിൽ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 47 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.