1974 മാർച്ച്10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റപ്പാറയിൽ കോൺട്രാക്ടർ പൈലിപിള്ളയുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. രണ്ടിടത്തുനിന്ന് ഒരേസമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു.
കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമ്മിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരളിയിലെ ഇടുക്കി ജലാശയത്തിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണ്ണമായി നിറയുമ്പോൾ ടണൽ മുഖത്ത് വരെ വെള്ളം കയറും. അപ്പോൾ ആയിരം അടിക്ക് മുകളിൽ വെള്ളം ഉണ്ടാകും.
സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ ആണ് അഞ്ചുരുളി. മഹേഷിന്റെ പ്രതികാരം, ജെയിംസ് ആൻഡ് ആലിസ്, ഇയ്യോബിന്റെ പുസ്തകം, ഇടുക്കി ഗോൾഡ് തുടങ്ങിയ സിനിമകളിൽ ഈ സ്ഥലം കാണാൻ സാധിക്കും. അപകടസാധ്യത കൂടിയ മേഖലയായതിനാൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു.